NRI
മനാമ: പ്രവാസി വെൽഫെയർ റംസാൻ കനിവ് എന്ന പേരിൽ റംസാനിൽ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കഴിഞ്ഞ ദിവസം പ്രവാസി സെന്ററിൽ നടന്ന റംസാൻ കനിവ് ഉദ്ഘാടന ചടങ്ങിൽ പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ റമദാൻ കനിവ് ഡ്രൈ ഫുഡ്സ് അടങ്ങിയ കിറ്റുകൾ റംസാൻ കനിവ് കോഓർഡിനേറ്റർമാരായ മൊയ്തു തിരുവള്ളൂർ, മുഹമ്മദ് അമീൻ എന്നിവർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
പ്രവാസി സമൂഹത്തിലെ ചെറിയ വരുമാനക്കാർക്കും സാധാരണ തൊഴിലാളികൾക്കും ആശ്വാസമാവുന്ന രീതിയിൽ വ്യക്തികൾക്കും കുടുംബങ്ങൾക്കും പാചകം ചെയ്ത് കഴിക്കാനാവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ അടങ്ങിയ കിറ്റും നോമ്പ് തുറക്കാൻ ആവശ്യമായ ഇഫ്താർ കിറ്റുകളുമാണ് പ്രവാസി വെൽഫെയർ റംസാൻ കനിവിലൂടെ വിതരണം ചെയ്യുന്നത്.
പ്രവാസി വെൽഫെയർ വളണ്ടിയർമാർ ആവശ്യക്കാരുടെ താമസ സ്ഥലങ്ങളിൽ ഭക്ഷണ കിറ്റുകൾ എത്തിച്ച് നല്കുന്ന രീതിയിലാണ് റംസാൻ കനിവിന്റെ പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
സാഹോദര്യത്തിന്റെയും പങ്കിടലിന്റെയും കരുണയുടെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന റംസാൻ മാസത്തിൽ ആരും വിശപ്പോടെ നോമ്പ് നോൽക്കേണ്ടി വരരുത് എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി വെൽഫെയർ കനിവ് സേവന പ്രവർത്തനം സംഘടിപ്പിക്കുന്നത് എന്ന് ബദറുദ്ദീൻ പൂവാർ പറഞ്ഞു.
ബഹറനിലെ സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനങ്ങളുടെയും സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് പ്രവാസി വെൽഫെയർ റംസാൻ കനിവ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്.
പ്രവാസി വെൽഫെയർ റംസാൻ കനിവ് പദ്ധതിയുമായ് സഹകരിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂട്ടായ്മകൾക്കും 36710698 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ബദറുദ്ദീൻ പൂവാർ അറിയിച്ചു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ കലാ - സാഹിത്യ വിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ കൈയെഴുത്തു ദ്വൈമാസിക എഴുത്താണിയുടെ ആദ്യലക്കം പ്രകാശനം ചെയ്തു.
അംഗങ്ങളുടെ എഴുതാനും വരയ്ക്കാനുമുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ സൃഷ്ടികൾ രണ്ടു മാസം കൂടുമ്പോൾ ഓൺലൈൻ വഴി പ്രസിദ്ധീകരിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം.
ആദ്യ ലക്കത്തിന്റെ പ്രകാശനം കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജ് നിർവഹിച്ചു.
NRI
മനാമ: പക്ഷാഘാതം ബാധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ കഴിഞ്ഞ തമിഴ്നാട് സ്വദേശിയായ യുവാവിനെ നാട്ടിലെത്തിക്കുന്നതിനും തുടർചികിത്സയ്ക്ക് വേണ്ട സഹായങ്ങൾ നൽകുന്നതിനും പ്രവാസി വെൽഫെയർ പങ്കാളിയായി.
യുവാവിന്റെ തുടർചികിത്സാ സഹായ സമിതി അംഗങ്ങളായ രങ്കരാജൻ, സതീഷ് ശങ്കരൻ എന്നിവർക്ക് പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ, ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി എന്നിവരുടെ സാന്നിധ്യത്തിൽ പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ ബദറുദ്ദീൻ പൂവാർ, സെക്രട്ടറി സബീന അബ്ദുൽ ഖാദിർ, എക്സിക്യൂട്ടീവ് അംഗം അഡ്വ. ഷഫ്ന തയ്യിബ് എന്നിവർ ചേർന്ന് സഹായം കൈമാറി.
യുവാവിന്റെ തുടർചികിത്സയ്ക്കും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങൾക്കും പിന്തുണ നൽകിയ ടീം പ്രവാസി വെൽഫെയറിന് രങ്കരാജൻ നന്ദി രേഖപ്പെടുത്തി സംസാരിച്ചു. പ്രവാസി സമൂഹത്തിന്റെ ദുഃഖങ്ങളിലും പ്രതിസന്ധികളിലും കൈത്താങ്ങാകുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിൽ സാഹോദര്യ ബോധവും ഐക്യവും ശക്തിപ്പെടുത്താൻ കാരണമാകട്ടെ എന്ന് ബദറുദ്ദീൻ പൂവാർ ആശംസിച്ചു.
ചടങ്ങിൽ പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇർഷാദ് കോട്ടയം, സി.എം. മുഹമ്മദലി, ഷാഹുൽ ഹമീദ് വെന്നിയൂർ, ജമാൽ ഇരിങ്ങൽ, അനിൽ കുമാർ, അജ്മൽ ഹുസൈൻ സാജിർ ഇരിക്കൂർ, അബ്ദുള്ള കുറ്റ്യാടി, ഷിജിന ആഷിക് എന്നിവരും സന്നിഹിതരായിരുന്നു.
NRI
മനാമ: രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എസ്ഐആർ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഗൗരവമായ ആശങ്കയുള്ളവാക്കുന്നതാണെന്ന് പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ പറഞ്ഞു. പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ വ്യവസ്ഥയിൽ ജനാധിപത്യത്തിന്റെ ആത്മാവാണ് പൗരന്റെ വോട്ടവകാശം. ഓരോ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കപ്പെടുമ്പോഴാണ് ഒരു രാജ്യം യഥാർഥ അർഥത്തിൽ ജനാധിപത്യമായിത്തീരുന്നത്. ഈ അടിസ്ഥാന തത്വത്തെ പോലും വെല്ലുവിളിക്കുന്ന തരത്തിലാണ് ഇപ്പോൾ എസ്ഐആർ നടപടികൾ നടപ്പാക്കപ്പെടുന്നതായി കാണുന്നത്.
എസ്ഐആർ നടപടികൾ വഴി ലക്ഷക്കണക്കിന് സാധാരണ പൗരന്മാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലർക്കും യാതൊരു മുൻകൂട്ടി അറിയിപ്പുമില്ലാതെ, യുക്തിസഹമായ വിശദീകരണമില്ലാതെ അവരുടെ പേരുകൾ ഒഴിവാക്കപ്പെടുന്നത് ഭരണഘടന ഉറപ്പുനൽകുന്ന വോട്ടവകാശത്തിന്റെ തുറന്ന ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, ദരിദ്രർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ ഏറ്റവും ദുർബല വിഭാഗങ്ങളാണ് എസ്ഐആർ പ്രക്രിയയിൽ ഏറ്റവും കൂടുതൽ ദോഷം അനുഭവിക്കുന്നത് എന്ന് തുടർന്ന് സംസാരിച്ച പ്രവാസി ക്ഷേമ വകുപ്പ് സെക്രട്ടറിയും പ്രവാസി വെൽഫെയർ എസ്ഐആർ ഹെൽപ്പ് ഡസ്ക് കൺവീനറുമായ അജ്മൽ ഹുസൈൻ പറഞ്ഞു.
രേഖകൾ എളുപ്പത്തിൽ ലഭിക്കാത്തവർ, താമസം ഇടയ്ക്കിടെ മാറുന്നവർ, ഡിജിറ്റൽ സംവിധാനങ്ങളിൽ പ്രവേശനം ഇല്ലാത്തവർ എന്നിവരെല്ലാം വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നതിലൂടെ സാമൂഹിക അസമത്വം കൂടുതൽ രൂപപ്പെടുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടിക പരിഷ്കരണം സുതാര്യവും രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് സ്വതന്ത്രവുമായ പ്രക്രിയയായിരിക്കണം എന്ന അടിസ്ഥാന സിദ്ധാന്തത്തെയാണ് നിലവിലെ എസ്ഐആർ നടപടികൾ തകർക്കുന്നത് എന്ന് പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
ഇത് പല സ്ഥലങ്ങളിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉപകരണമായി മാറിയെന്ന പരാതികൾ ഗൗരവമായി കാണണം. പ്രതിപക്ഷ പിന്തുണ കൂടുതലായുള്ള മേഖലകളിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന പ്രവണത ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ തന്നെ തകർക്കുന്ന അപകടകരമായ നീക്കമായതിനാൽ എസ്ഐആർ നടപടിയെ ജനാധിപത്യപരമെന്ന് വിളിക്കാൻ കഴിയില്ല.
പ്രവാസി സെന്റർ വഴി നടത്തുന്ന എസ്ഐആർ ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾ അജ്മൽ ഹുസൈൻ വിശദീകരിച്ചു. ഇനിയും എസ്ഐആർ പ്രക്രിയ പൂർത്തീകരിക്കാത്തവർക്ക് പ്രവാസി സെന്ററിൽ എല്ലാ ദിവസവും രാത്രി ഏഴ് മുതൽ ഒരുക്കിയിട്ടുള്ള ഹെൽപ്പ് ഡെസ്ക് സേവനം ഉപയോഗപ്പെടുത്താവുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതം ആശംസിച്ചു. ഷാഹുൽ ഹമീദ് വെന്നിയൂർ, സബീന അബ്ദുൽ ഖാദിർ, അഡ്വ. ഷഫ്ന തയ്യിബ്, ഷിജിന ആഷിക് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി ഇർഷാദ് കോട്ടയം നന്ദി രേഖപ്പെടുത്തി.
NRI
മനാമ: ബഹ്റനിലെ സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന പ്രവാസി വെൽഫെയറിന്റെ 2026–27 കാലഘട്ടത്തേക്കുള്ള പ്രസിഡന്റായി മജീദ് തണലിനെ പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിൽ നിന്ന് തെരഞ്ഞെടുത്തു.
ബഹ്റനിലെ പ്രമുഖ ബിസിനസുകാരനും സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ സജീവ സാന്നിധ്യവുമായ മജീദ് തണൽ കോഴിക്കോട് പയ്യോളി സ്വദേശിയാണ്. ജനറൽ സെക്രട്ടറിയായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന കോട്ടയം എരുമേലി സ്വദേശി ആഷിക്കും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ഷാഹുൽ ഹമീദ് വെന്നിയൂർ, ബദറുദ്ദീൻ പൂവാർ എന്നിവരെയും സെക്രട്ടറിമാരായി ജോഷി ജോസഫ് അടൂർ, സി.എം. മുഹമ്മദ് അലി, ഇർഷാദ് കോട്ടയം, സബീന അബ്ദുൽ ഖാദർ എന്നിവരെയും തെരഞ്ഞെടുത്തു. അനസ് കാഞ്ഞിരപ്പള്ളിയാണ് ട്രഷറർ.
2026 - 27 പ്രവർത്തന കാലയളവിലേക്കുള്ള പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുള്ള കുറ്റ്യാടി, രാജീവ് നാവായിക്കുളം, ജമാൽ ഇരിങ്ങൽ, അജ്മൽ ഹുസൈൻ, ഷിജിന ആഷിക്, അഡ്വ. ഷഫ്ന ത്വയ്യിബ്, സാജിർ ഇരിക്കൂർ, അനിൽ കുമാർ, സിറാജ് പള്ളിക്കര എന്നിവരെയും പ്രവാസി വെൽഫെയർ ജനറൽ ബോഡിയിൽ നിന്ന് തെരഞ്ഞെടുത്തു.
പ്രവാസി സെന്ററിൽ നടന്ന പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിനും തെരഞ്ഞെടുപ്പിനും റസാക്ക് പാലേരി നേതൃത്വം നൽകി. ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിൽ സി. എം. മുഹമ്മദലി സംഘടനാ റിപ്പോർട്ടും ഇർഷാദ് കോട്ടയം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
എസ്ഐആർ വോട്ടർ പട്ടിക പരിഷ്കരണം: ജനാധിപത്യന് മേലുള്ള ഭീഷണി എന്ന വിഷയത്തിലുള്ള പ്രമേയം ജോഷി ജോസഫ് അവതരിപ്പിച്ചു.
NRI
മനാമ: പ്രവാസി സമൂഹത്തിന്റെ ക്ഷേമവും സാഹോദര്യവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രവാസി വെൽഫെയർ വാർഷിക പ്രവാസി സമ്മേളനവും പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രവാസി വെൽഫെയർ നേതൃത്വ പ്രഖ്യാപനവും വെള്ളിയാഴ്ച വൈകുന്നേരം ആറിന് നടക്കുമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി അറിയിച്ചു.
അദ് ലിയ ഔറ ആർട്സ് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ പ്രവർത്തകൻ റസാഖ് പാലേരി മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്റനിലെ സാമൂഹിക, സാംസ്കാരിക, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളും ഇതിൽ സന്നിഹിതരാകും. പ്രവാസി സമ്മേളനം വിജയിപ്പിക്കുന്നതിന് ഷാഹുൽ ഹമീദ് വെന്നിയൂർ ജനറൽ കൺവീനറായി വിപുല സ്വാഗതസംഘം രൂപീകരിച്ചു.
വിവിധ വകുപ്പ് കൺവീനർമാരായി അനസ് കാഞ്ഞിരപ്പള്ളി (പ്രോഗ്രാം), അബ്ദുല്ല കുറ്റ്യാടി (പ്രചരണം), ഷിജിന ആഷിക് (രജിസ്ട്രഷൻ), നൗഷാദ് തിരുവനന്തപുരം (സോഷ്യൽ മീഡിയ), ഇർഷാദ് കോട്ടയം, വഫ ഷാഹുൽ (വോളണ്ടിയർ), രാജീവ് നാവായിക്കുളം, മുഹമ്മദലി മലപ്പുറം (ഗസ്റ്റ് മാനേജ്മെന്റ്) ഫസൽ റഹ്മാൻ (ലൈറ്റ് & സൗണ്ട്), അസ്ലം കുനിയിൽ (ടെക്നിക്കൽ ആൻഡ് ഗിഫ്റ്റ്), അനിൽ ആറ്റിങ്ങൽ, കെപി. ബഷീർ (ട്രാൻസ്പോർട്ടേഷൻ) എന്നിവരെയും തെരഞ്ഞെടുത്തു.
സിഞ്ചിലെ പ്രവാസി സെന്ററിൽ നടന്ന പ്രവാസി സമ്മേളന സ്വാഗത സംഘം യോഗത്തിൽ പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതവും മജീദ് തണൽ നന്ദിയും പറഞ്ഞു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റിൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി.
140-ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ മെഡിക്കൽ ക്യാമ്പ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് മുഖ്യാതിഥിയായി പങ്കെടുത്തു.
മെഡിക്കൽ അവയർനസ് ക്ലാസിൽ അൽ ഹിലാൽ ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ ഡോക്ടർ നൗഫൽ നാസറുദ്ദീൻ കാർഡിയാക് & ലൈഫ് സ്റ്റൈൽ രോഗസംബന്ധമായി സംസാരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ഉണ്ടായി.
NRI
മനാമ: കനത്ത ചൂടിൽ തൊഴിൽ ചെയ്യുന്നവർക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയറിന്റെ ജനസേവന വിഭാഗമായ വെൽകെയർ പഴവർഗങ്ങളും ജ്യൂസും കുടിവെള്ളവും വിതരണം ചെയ്തു.
തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് വെൽകെയറിന്റെ നേതൃത്വത്തിൽ പ്രവാസി ആശ്വാസ് എന്ന പേരിൽ മുൻകാലങ്ങളിൽ എന്ന പോലെ വിതരണം ചെയ്തത്.
വ്യത്യസ്ത സാമൂഹിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയിലാണ് ഗഫൂൾ, മനാമ, സൽമാനിയ എന്നീ പ്രദേശങ്ങളിൽ വെൽകെയർ കിറ്റ് നൽകിയത്.